ചോര്‍ന്നൊലിച്ച വെള്ളം ചാലുകീറി മാറ്റുന്നതിനിടെ കുന്നിടിഞ്ഞു വീണു; ഞെട്ടലില്‍ രക്ഷപ്പെട്ടവര്‍; പണി നിര്‍ത്തിവെച്ചതുകൊണ്ട് മാത്രം ദുരന്ത വ്യാപ്തി കുറഞ്ഞു;മഴ കാരണം അഞ്ചു ദിവസമായി റോഡു പണി ഇല്ല; കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം ചാലുകീറി ഒഴിവാക്കുന്ന തൊഴിലാളികളാണ് അപകടം നടക്കുന്‌പോള്‍ പദ്ധതി പ്രദേശത്തുണ്ടായിരുന്നത്; അദിലാ അബ്ദുള്ള പറഞ്ഞത് കേള്‍ക്കാത്തത് ദുരന്തമായി

 


 കള്ളാടി: 'ദൈവാനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് ഞങ്ങളിന്ന് ജീവനോടെയിരിക്കുന്നത്! റോഡുപണി താല്‍ക്കാലികമായി നിര്‍ത്തിവെച്ചില്ലായിരുന്നെങ്കില്‍ അവിടെ പണിതിരുന്ന നൂറിലധികം തൊഴിലാളികള്‍ മണ്ണിനടിയിലാകുമായിരുന്നു...' അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും മോചിതരാകാതെ തൊഴിലാളികളായ ദിനേഷ് കുമാര്‍, അഭിരാജ്, ദേവേന്ദ്ര, നാഗേന്ദ്ര എന്നിവരുടെ വാക്കുകളാണിത്. മഴ കനത്തതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു ദിവസമായി ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയും പ്രദേശത്ത് മണ്ണിടിച്ചിലിന്റെ വ്യക്തമായ സൂചനകളുണ്ടായിരുന്നു. തുടര്‍ന്ന് മഴവെള്ളം കുത്തിയൊലിച്ചെത്തുന്നത് ഒഴിവാക്കാന്‍ ചാലുകീറാനും റോഡിലേക്ക് വീണ മണ്‍കൂമ്പാരം മാറ്റാനുമായി എത്തിയ 20-ഓളം തൊഴിലാളികളാണ് അപകട സമയത്ത് പദ്ധതി പ്രദേശത്തുണ്ടായിരുന്നത്. ജമ്മു കശ്മീര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറ്റമ്പതോളം തൊഴിലാളികളാണ് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മീനാക്ഷിയിലുണ്ടായിരുന്നത്.

രണ്ട് ഷിഫ്റ്റുകളിലായി രാവും പകലും പണി നടന്നിരുന്ന ഇവിടെ വര്‍ക്ക്ഷോപ്പ്, സ്റ്റോര്‍ റൂം, എച്ച്.ആര്‍ ഓഫീസ്, സേഫ്റ്റി ഓഫീസ് എന്നിവയാണ് നിര്‍മ്മാണ സ്ഥലത്തുണ്ടായിരുന്നത്. തൊഴിലാളികളുടെ താമസസ്ഥലം മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നതും വലിയൊരു കൂട്ട ദുരന്തം ഒഴിവാക്കി. തുരങ്കപാത നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത് അവിടെ കൂട്ടിയട്ടിരുന്ന കൂറ്റന്‍ മണ്‍കൂനകളാണെന്ന വസ്തുത പുറത്തുവന്നിട്ടുണ്ട്. മഴ ശക്തമാകുന്നതിന് മുന്‍പേ നിര്‍മ്മാണത്തിനായി വെട്ടിയെടുത്ത മണ്ണ് ഇവിടെനിന്ന് നീക്കേണ്ടതായിരുന്നു.

കൂട്ടിയിട്ട മണ്ണ് അപകടഭീഷണിയാണെന്ന് കഴിഞ്ഞ മാസം 25-ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അദീല അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയിരുന്നു. മണ്ണ് താത്കാലികമായി സൂക്ഷിക്കാന്‍ പദ്ധതി പ്രദേശത്ത് പരിമിതിയുണ്ടെന്നും വാടക നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ച കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ക്ക് പകരം സ്ഥലം കണ്ടെത്തി നല്‍കാന്‍ ജില്ലാ അധികൃതര്‍ക്ക് സ്‌പെഷ്യല്‍ സെക്രട്ടറി നിര്‍ദ്ദേശവും നല്‍കിയിരുന്നു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്നും മീനാക്ഷി പാലത്തിന് സമീപത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും സോയില്‍ പൈപ്പിങ് മൂലമുള്ള അപകടം തടയാന്‍ മുന്‍കരുതല്‍ വേണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും, തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല.

'ശബ്ദംകേട്ട് ഓടിയെത്തിയപ്പോള്‍ കുന്ന് ഒന്നാകെ ഇടിഞ്ഞുവരുന്നതാണ് കണ്ടത്! തുരങ്കപാത പദ്ധതിക്കായി കോണ്‍ക്രീറ്റ് ചെയ്ത ഭാഗം അടക്കം കുത്തിയൊലിച്ചുവരുന്നു. പാലത്തിലൂടെ നടന്നുനീങ്ങിയ നാലുപേര്‍ നിലവിളിച്ച് ഓടിവരുന്നുണ്ടായിരുന്നു. പാലത്തിലുണ്ടായിരുന്ന വലിയ ടാങ്കര്‍ ലോറി മണ്ണിടിച്ചിലിന്റെ ശക്തിയില്‍ പുറകോട്ട് ഉരുണ്ടുവരുന്നതും കണ്ടു. അപകടത്തില്‍പ്പെടുമെന്ന് മനസ്സിലായപ്പോള്‍ ഭയന്ന് പുറകോട്ട് ഓടുകയായിരുന്നു...'- ടൂറിസ്റ്റ് ജീപ്പ് ഡ്രൈവര്‍ വിഘ്‌നേഷ് കുമാര്‍ പറഞ്ഞു. തൊള്ളായിരംകണ്ടിയിലെ റിസോര്‍ട്ടിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകാന്‍ എത്തിയ വിഘ്‌നേഷ് കുമാര്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോഴാണ് ദുരന്തമുണ്ടാകുന്നത്.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വലിയ നിലവിളി കേട്ട് പുറത്തേക്ക് ഓടിയ വിഘ്‌നേഷിന്റെ ജീപ്പ് മണ്ണിടിച്ചിലില്‍ പൂര്‍ണ്ണമായും തകര്‍ന്നു. മീനാക്ഷിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചൂരല്‍മല പ്രദേശം പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഒരാള്‍പ്പൊക്കത്തില്‍ നൂറുമീറ്ററോളം റോഡ് മണ്ണിനടിയിലായതോടെ അടിയന്തര ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ നടന്ന് അപ്പുറത്തെത്തി: മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും വെള്ളാര്‍മല സ്‌കൂളിലും പഠിക്കുന്ന ചൂരല്‍മലയിലെ വിദ്യാര്‍ത്ഥികളും ജോലിക്ക് പോയവരും വൈകീട്ടോടെ ദുരന്തമേഖലയില്‍ കുടുങ്ങി.

വൈകീട്ടോടെ കെ.എസ്.ആര്‍.ടി.സി ബസില്‍ മേപ്പാടിയിലെത്തിച്ച കുട്ടികളെ, സുരക്ഷാ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ മണ്‍കൂനയ്ക്ക് മുകളിലൂടെ കാല്‍നടയായി നടത്തിച്ച് അപ്പുറത്തെത്തിക്കുകയായിരുന്നു. സഞ്ചാരികള്‍ പുറത്തുകടക്കാനാവാതെ കുടുങ്ങി: സൂചിപ്പാറ വെള്ളച്ചാട്ടം കാണാനും പ്രാദേശിക റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും താമസിക്കാനുമായെത്തിയ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ചൂരല്‍മല, അട്ടമല മേഖലകളില്‍ കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങളുമായി എത്തിയതിനാല്‍ ഇവര്‍ക്ക് പുറത്തേക്ക് പോകാന്‍ സാധിച്ചിട്ടില്ല. റോഡിലെ മണ്ണ് പൂര്‍ണ്ണമായി നീക്കം ചെയ്ത ശേഷമേ ഇവരെ തിരികെയെത്തിക്കാന്‍ കഴിയൂ.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items